ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. -Editorial, Mathrubhumi (16 02 2022)
‘ശാന്തമായ മരണം’ മനുഷ്യാവകാശമാണെന്നതുപോലെ വികസനത്തിന്റെ അളവുകോലുമാണ്. ശാന്തമായ മരണം നീതിയാണ്. സാന്ത്വനപരിചരണം ലഭ്യമല്ലാത്തതാണ് നല്ലമരണം അസാധ്യമാക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാറാരോഗങ്ങളാലും തീരാവേദനയാലും മരണാസന്നരാണെന്നുറപ്പായവരെ തീവ്രപരിചരണവിഭാഗത്തിലെ ഏകാന്തതയിൽ യന്ത്രബന്ധിതരായി മരണത്തിലേക്ക് തള്ളുന്നതിനു പകരം അവർക്ക് സാന്ത്വനപരിചരണത്തോടെയുള്ള ചികിത്സ ലഭ്യമാക്കുകയല്ലേ വേണ്ടതെന്ന ചോദ്യം ലോകവ്യാപകമായിത്തന്നെ ഉയർന്നുകൊണ്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ പ്രസിദ്ധീകരണസ്ഥാപനമായ ലാൻസെറ്റ് രണ്ടാഴ്ചമുമ്പ് പാലിയേറ്റീവ് കെയറിനെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരളത്തിൽ സന്നദ്ധപ്രവർത്തനത്തിലൂടെ നടക്കുന്ന സാന്ത്വനപരിചരണം ലോകത്തിനുതന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യവിഭാഗത്തിന്റെ വരാന്തയിൽ ഡോ. എം.ആർ. രാജഗോപാലിന്റെയും ഡോ. സുരേഷ്‌കുമാറിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് കേരളത്തിൽ ജീവകാരുണ്യപ്രവർത്തനത്തിന്റെ മഹാപ്രസ്ഥാനമായി വളർന്നത്. മാറാരോഗവും അതിന്റെ വേദനയും രോഗിയുടെമാത്രം വേദനയല്ല, സമൂഹത്തിന്റെയാകെ വേദനയും ദൈന്യവുമാണെന്ന് മനസ്സിൽ നൊന്തറിഞ്ഞാണ് ആ പ്രസ്ഥാനം തുടങ്ങിയത്. അതിന്റെ നാനൂറ്റമ്പതോളം യൂണിറ്റുകളും ഓരോ പ്രദേശത്തും നല്ലനിലയിൽ പ്രവർത്തിക്കുന്ന മറ്റ് സാന്ത്വനപരിചരണ സന്നദ്ധസംഘടനകളും ചേർന്ന് രോഗീപരിചരണത്തിൽ മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സാന്ത്വനപരിചരണരംഗം ഏറ്റവും മുമ്പിലാണെന്ന റിപ്പോർട്ടിൽ സ്വകാര്യമായിപ്പോലും അഹങ്കരിച്ചുകൂടെന്നാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ഡോ. എം.ആർ. രാജഗോപാൽ ചൊവ്വാഴ്ച മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പുനൽകുന്നത്. എന്തെന്നാൽ, വേദന ഇല്ലാതാക്കുന്നതിനുള്ള ചികിത്സ ആവശ്യമായതിന്റെ നൂറിലൊന്നുപോലും ഇവിടെയും ലഭ്യമല്ല. പലതരം കാൻസറുകൾ, വൃക്ക രോഗങ്ങൾ, മറവി, പരിക്കുകൾ എന്നിവയെല്ലാം കാരണം മാറാരോഗികളായി വീടുകളിൽ കഴിയുന്നവർക്കും വാർധക്യപീഡകളനുഭവിക്കുന്നവർക്കും പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഔദ്യോഗികവും അനൗദ്യോഗികവുമായ പാലിയേറ്റീവ് കെയർ സംവിധാനത്തിലൂടെ സാധിക്കേണ്ടതായുണ്ട്. ഇന്ത്യയിൽ ആദ്യമായി സാന്ത്വനപരിചരണത്തിന് ഒരു നയം പ്രഖ്യാപിച്ച(2008)തും കാലാനുസൃതമായി പുതുക്കിയതും കേരളത്തിലാണ്. പ്രവാസിമലയാളി കൂട്ടായ്മകളടക്കം നൂറുകണക്കിന് പാലിയേറ്റീവ് ഗ്രൂപ്പുകളും ആയിരക്കണക്കിന് വൊളന്റിയർമാരും ഈ രംഗത്ത് മഹനീയസേവനമനുഷ്ഠിക്കുന്നുമുണ്ട്. എന്നാൽ ഡോക്ടർ, നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങിയ പാലിയേറ്റീവ് ടീമുകൾ മിക്കസ്ഥലത്തും ഇല്ലെന്നതാണ് വസ്തുത. മാറാരോഗങ്ങളും മറ്റുമുള്ള ബന്ധുക്കൾക്ക് പരിചരണം നൽകാൻ ആളും സ്ഥലസൗകര്യവുമില്ലാത്ത കുടുംബങ്ങൾ ഏറെയുണ്ട്. ജോലിചെയ്യാൻ പോകാനാവാതെയും മറ്റും വീട്ടിലെ മറ്റംഗങ്ങളുടെ ജീവിതം വഴിമുട്ടുന്നതും ദുരിതപൂർണമാവുന്നതുമായ അനുഭവങ്ങൾ. ഈ പ്രശ്നത്തിന് പരിഹാരമായി ഓരോ തദ്ദേശ സ്ഥാപനപരിധിയിലും സുസജ്ജമായ സാന്ത്വനപരിചരണ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശമുള്ളതാണ്. സാന്ത്വനപരിചരണത്തിന് അയൽക്കണ്ണികൾ എന്നതാണ് നയമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി ഫലവത്താക്കാനായിട്ടില്ല. കുടുംബശ്രീയും അയൽക്കൂട്ടങ്ങളും എല്ലായിടത്തുമുണ്ടെങ്കിലും അതിന്റെ പ്രധാന പരിപാടികളിലൊന്നായി പാലിയേറ്റീവ് പ്രവർത്തനം ഇനിയും ഉൾപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തികശേഷിയുള്ളവരിൽനിന്ന് തുക ഈടാക്കിക്കൊണ്ടുതന്നെ ഈ പ്രവർത്തനം നടത്താവുന്നതാണ്.
മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി പഠിച്ചുസമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച്, പുതുക്കിയ പാലിയേറ്റീവ് നയം പ്രഖ്യാപിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനമേഖലയിലുമുള്ള സാന്ത്വനപരിചരണ സംഘടനകളുടെ പ്രവർത്തനം വിലയിരുത്തി അക്രഡിറ്റേഷൻ നൽകുക, തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഏകോപനം നടത്തുക, ഗ്രാന്റ് നൽകുക, പ്രവർത്തകർക്കും ഡോക്ടറും നഴ്‌സുമടങ്ങിയ വിദഗ്ധടീമിനും പരിശീലനം നൽകുക, വൊളന്റിയറായി പ്രവർത്തിക്കാൻ താത്‌പര്യമുള്ളവരെ റിക്രൂട്ട് ചെയ്ത് സേവനം ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ പുതിയ നയത്തിന്റെ ഭാഗമാണ്. ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. സർക്കാരിന്റെയും സർക്കാരിതരസംഘടനകളുടെയും യോജിച്ച പ്രവർത്തനത്തിലൂടെയേ ആ അവകാശസംരക്ഷണം സാധ്യമാവുകയുള്ളൂ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളിലൊന്നായി സാന്ത്വനപരിചരണ സംവിധാനത്തെ ഉൾപ്പെടുത്തണം. പഞ്ചായത്ത്-നഗരസഭകളുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ ഇതിനായി മതിയായ തുക വകയിരുത്തുകയും വേണം.
ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും യോജിച്ച പ്രവർത്തനത്തിലൂടെയേ ആ അവകാശസംരക്ഷണം സാധ്യമാവുകയുള്ളൂ.
No comments:
Post a Comment